കമല്‍ പാടുപെടുന്നു, വിശ്വരൂപം കാട്ടാന്‍
കമല്‍ഹാസന്റെ ഓരോ ചിത്രവും റിലീസിനെത്തുമ്പോള്‍ ഓരോതരം പൊല്ലാപ്പുകളാണ്. പുതിയ ചിത്രമായ ‘വിശ്വരൂപം’ ജനുവരി 11ന് റിലീസ് ഉറപ്പിച്ചിരിക്കേ, തിയറ്റര്‍ ഉടമകളുടെയും വിതരണക്കാരുടെയും പ്രതിഷേധമാണ് പ്രശ്നം. കമല്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.
ചിത്രത്തിന്റെ റിലീസിന് മുമ്പേ ഡി.ടി.എച്ച് വഴി ടി.വിയില്‍ പ്രദര്‍ശനം നടത്താനുള്ള കമല്‍ഹാസന്റെ നീക്കമാണ് പ്രതിഷേധങ്ങള്‍ക്ക് വഴിമരുന്നിട്ടത്. വിവിധ പ്രൊവൈഡര്മാര്മാരായ എയര്‍ടെല്‍, ടാറ്റാ, വീഡിയോകോണ്‍ ടി.വികള്‍ വഴിയാണ് ‘വിശ്വരൂപം’ റിലീസിന്റെ തലേനാള്‍ ഒരു ഷോ ഡി.ടി.എച്ച് ഉപഭോക്താക്കളായ ടി.വി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. എന്നാല്‍, 1000 രൂപയോളം മുടക്കിയാലേ ഈ പ്രദര്‍ശനം ഡി.ടി.എച്ച് കണക്ഷന് ഉണ്ടെങ്കിലും ടി.വിയില്‍ കാണാനാവൂ.
ഇത്തരത്തില്‍ ചിത്രം റിലീസ് ചെയ്യുംമുമ്പ് ടി.വി വഴി പ്രദര്‍ശിപ്പിക്കുന്നത് കലക്ഷനെ ബാധിക്കുമെന്നും പ്രവണത ഭാവിയില്‍ തിയറ്റര്‍ വ്യവസായത്തെത്തന്നെ തകര്‍ക്കുമെന്നുമാണ് മിക്ക തിയറ്റര്‍ ഉടമാ സംഘടനകളുടെയും വാദം.
തമിഴ് നാട് തിയറ്റര്‍ ഓണേഴ്സ് അസോസിയേഷനും തമിഴ് നാട് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും മധുരൈ രാമനാഥപുരം യുണൈറ്റഡ് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സുമാണ് ‘വിശ്വരൂപം’ തങ്ങളുടെ സംഘടനകളുടെ കീഴിലുള്ള തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് വ്യക്തമാക്കിയത്. കൂടാതെ, കമലിന്റെ ഭാവി ചിത്രങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തുമെന്ന് സംഘടനകള്‍ പറയുന്നു. തിയറ്റര്‍ ഉടമകളുടെ പരാതിയില്‍ നടപടിയെടുക്കണമെന്ന് അവര്‍ മുഖ്യമന്ത്രി ജയലളിതയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍, ഡി.ടി.എച്ച് കണക്ഷനുകള്‍ വഴി ടി.വിയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കമല്ഹാസന്. ഡി.ടി.എച്ച് വരിക്കാര്‍ വളരെക്കുറവായതിനാല്‍ ഇത് തിയറ്റര്‍ കലക്ഷനെ ബാധിക്കില്ലെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. സാങ്കേതികവിദ്യയുടെ വിപ്ലവകരമായ മാറ്റമാണിതെന്നും പൈറസി തടയാന്‍ ഇത് ഫലപ്രദമാകുമെന്നും കമല്‍ പറയുന്നു.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ‘വിശ്വരൂപം’ റിലീസ് ചെയ്യുന്നത്. തെലുങ്ക് പതിപ്പിന് ആന്ഡ്രയില് തിയറ്ററുകള്‍ കിട്ടുന്നതില്‍ പ്രയാസമുണ്ടായിട്ടില്ല. എന്നാല്‍ തമിഴ് നാട്ടില്‍ മിക്ക സംഘടനകളുടെ എതിര്‍ക്കുന്നതിനാല്‍ വളരെക്കുറച്ച് തിയറ്ററുകളേ ചിത്രം പ്രദര്‍ശനത്തിനെടുക്കാന്‍ മുന്നോട്ടുവന്നിട്ടുള്ളൂ. കേരളത്തിലും കര്‍ണാടകയിലുമുള്ള തിയറ്റര്‍ സംഘടനകളും ചിത്രം പ്രദര്ശനത്തിനെടുക്കേണ്ട എന്ന തീരുമാനത്തിലാണ് ഇതുവരെ. അനുനയശ്രമം കമല്ഹാസന് കാര്യമായി നടത്തുന്നുമുണ്ട്. നടന് ദിലീപിന്റേതുള്‍പ്പെടെയുള്ള വിതരണക്കമ്പനികളെ സമീപിച്ചെങ്കിലും സംഘടനകളുമായി പ്രശ്നമുണ്ടാക്കാന്‍ താല്പര്യമില്ലാത്തതിനാല് പലരും മുന്നോട്ടുവന്നിട്ടില്ലെന്നാണ് വാര്‍ത്തകള്‍.
ഇതിനുപുറമേ, ചിത്രത്തില്‍ മുസ്ലിം വിരുദ്ധമാണെന്ന അഭ്യൂഹമുള്ളതിനാല്‍ പ്രത്യേകപ്രദര്‍ശനം റിലീസിനുമുമ്പ് തങ്ങള്‍ക്കായി നടത്തണമെന്ന് മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫെഡറേഷന് ഓഫ് ഇസ്ലാമിക് മൂവ്മെന്റ്സ് ആന്‍ഡ് പൊളിറ്റിക്കല്‍ പാര്‍ട്ടീസിന് കീഴില്‍ 23 സംഘടനകളാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.
റാണി മുഖര്‍ജി, രാഹുല്‍ ബോസ്, ആന്‍ഡ്രിയ ജെറിമിയ, പൂജ കുമാര്‍, നാസര്‍, സറീന വഹാബ്, ശേഖര്‍ കപൂര്‍ തുടങ്ങിയവരാണ് ‘വിശ്വരൂപ’ത്തിലെ മറ്റ് താരങ്ങള്‍. ശങ്കര്‍ എഹ്സാന്‍ ലോയ് ടീമാണ് സംഗീതമൊരുക്കുന്നത്. മലയാളിയായ മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റര്‍. 95 കോടി മുടക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Related Posts via Categories
Categories: Movies
0 Responses
You must be logged in to post a comment.